വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനം

 

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് നീണ്ട നിയമ പോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. ജോലി നിയമന ഉത്തരവ് ഉടൻ ലഭിക്കുമെന്നും, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അർഹമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ തുടർപരിശോധനയിലാണ് 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഈ കത്രിക പുറത്തെടുത്തത്.