വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി.
വിജിലൻസ് ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, പ്രധാനപ്പെട്ട വ്യക്തിഗത ഫയലുകൾ, അതീവ രഹസ്യരേഖകൾ, സോഴ്സ് റിപ്പോർട്ടുകൾ, പ്രതിവാര ഡയറികൾ എന്നിവ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണിവ.
2005ലെ വിവരാവകാശ നിയമപ്രകാരം നേരത്തെയും ഈ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും 2022ൽ വീണ്ടും ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നടപടിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ സ്വാഭാവിക ഭരണനടപടിയുടെ ഭാഗമായാണ് വിജ്ഞാപനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.