ഓട്ടോറിക്ഷ മോഷ്ടിച്ച് മൂന്ന് ജില്ലകളിൽ മോഷണപരമ്പര; സംഘം പിടിയിൽ

 

വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഇതേ വാഹനത്തിൽ മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ-സൂര്യനെല്ലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് അടൂർ ഡെൽറ്റ സ്‌ക്വാഡ് പിടികൂടിയത്. കസ്റ്റഡിയിലുള്ളവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.

സെപ്റ്റംബർ 14-ാം തീയതിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി സംഘം മോഷണം നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവയുൾപ്പെടെ 30ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമം നടത്തിയത്. ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിലെത്തിയായിരുന്നു മോഷണം.

മോഷണത്തിനുശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച് സംഘം ഇടുക്കിയിലേക്ക് കടന്നു. സെപ്റ്റംബർ 16ന് ചിന്നക്കനാലിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷം പണവുമായി സൂര്യനെല്ലിയിലേക്ക് മാറുകയായിരുന്നു.

പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. നേരത്തെ പിടിയിലായ കൂട്ടാളികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. പ്രതികളിൽനിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂർ ഡിവൈഎസ്പി വിനോദിന്റെയും സിഐ രാജീവിന്റെയും നിർദേശപ്രകാരം എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.