ഗുരുതര ക്രമക്കേടുകൾ; മിൽമ യൂണിയൻ പിരിച്ചുവിട്ടു

 

വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളെ തുടർന്നാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്‌ട്രേറ്റർക്ക് കൈമാറി.ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.

കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. നഷ്ടത്തുക ഈടാക്കാതെ കണക്കിൽ കുറവ് വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും പരിശോധനയിൽ കണ്ടെത്തി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണവും പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ 84.45 ലക്ഷം രൂപയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം ഡയറി ഉദ്ഘാടനത്തിനായി 1.50 കോടി രൂപ ചെലവഴിച്ചതായും കണ്ടെത്തി. 50 ലക്ഷം രൂപയുടെ ഗ്രാൻഡ് ലഭിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചെന്നും, മാനേജിംഗ് ഡയറക്ടറുടെ ഭാഗത്ത് കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.