കൈക്കൂലിക്കേസിൽ വിജിലൻസിന് ഗുരുതര വീഴ്ച; റിട്ട. ഡെപ്യൂട്ടി കളക്ടറെ വിട്ടയച്ച് വിജിലൻസ് കോടതി

 

ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപ (59)യെ അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി വിജിലൻസ് കോടതി വിട്ടയച്ചു. എറണാകുളം കടവന്ത്ര സ്വദേശിയായ കൃപയെ വിജിലൻസ് അറസ്റ്റ് ചെയ്തതിൽ നിയമപരമായ നടപടികൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

ശനിയാഴ്ച ഉച്ചയ്ക്ക് ഹാജരാക്കിയ പ്രതിയെ ആദ്യം കോടതി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഒമ്പത് മിനിറ്റിന്റെ ഇടവേളയിൽ മാത്രമാണ് അറസ്റ്റ് നോട്ടീസ് ബന്ധുക്കൾക്ക് കൈമാറിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. തുടർന്ന് കൃപയെ വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കൃപയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിജിലൻസ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എളമക്കരയിലെ 1.4 ഏക്കർ ഭൂമി തരംമാറ്റി നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കണയന്നൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായ എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ ഓഗസ്റ്റ് 13-ന് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയ്ക്കും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് എറണാകുളം വിജിലൻസ് ടീം കൃപയെ കസ്റ്റഡിയിലെടുത്തത്.