മോഡലിംഗിന്റെ മറവിൽ സെക്‌സ് റാക്കറ്റ്; സിന്ധുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്

 

മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ മുഖ്യപ്രതി സിന്ധുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്. ഇടപാടുകാരുമായി നടത്തിയ വിലപേശലിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ പ്രധാന ഡിജിറ്റൽ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തിയതിന്റെ തെളിവുകളാണ് ഇവ .ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.

യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.