പിജി വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് സസ്‌പെൻഷൻ

 

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഡെന്റൽ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് സസ്‌പെൻഷൻ. സീനിയർ സർജൻ ഡോ. എൻ.കെ. ബിനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ വിദ്യാർഥിനിയുടെ ചികിത്സാ രേഖകൾ പരിശോധിച്ചശേഷം ഡോക്ടർ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയിൽവെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. ഡോക്ടറോട് പ്രതിഷേധിച്ച വിദ്യാർഥിനി മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയോടി.

തുടർന്ന് വിദ്യാർഥിനി നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഡോ. ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. സംഭവശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയ ഡോക്ടറെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.