പ്രണയം നടിച്ച് ലൈംഗിക ചൂഷണവും 65 ലക്ഷത്തിന്റെ തട്ടിപ്പും; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി

 

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നും 65 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതി. പാലാരിവട്ടം പൊലീസിനാണ് അഭിഭാഷകൻ മുഖേന യുവതി പരാതി നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല വെബ്സൈറ്റുകൾക്ക് നൽകുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ജിം തുടങ്ങാനെന്ന പേരിൽ പലപ്പോഴായി 65 ലക്ഷം രൂപ ഷിയാസ് കൈപ്പറ്റിയെന്നാണ് യുവതിയുടെ ആരോപണം. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, വോയ്‌സ് റെക്കോർഡുകൾ തുടങ്ങിയ തെളിവുകൾ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സാമ്പത്തികമായും ലൈംഗികമായും തന്നെ ചൂഷണം ചെയ്ത ശേഷം ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വ്യക്തമാക്കി.

മുമ്പും സമാനമായ കേസിൽ ഷിയാസ് കരീം പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 11 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന ജിം ട്രെയിനറായ യുവതിയുടെ പരാതിയിൽ മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസ് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ ആരോപണങ്ങൾ താരം നേരിടുന്നത്. ലഭിച്ച പരാതിയിന്മേൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.