ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്‌ഐ; പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു

 

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്ന് ആരോപിച്ച് എസ്എഫ്‌ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.

മൂല്യനിർണയത്തിലെ അപാകതകളും കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിലെ പുനർമൂല്യനിർണയത്തിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചെന്നുമാണ് എസ്എഫ്‌ഐയുടെ ആരോപണം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അധികൃതർ അറിയിച്ചതായി എസ്എഫ്‌ഐ വ്യക്തമാക്കി.