മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്.എഫ്.ഐ പ്രതിഷേധം; പ്രസംഗം നിർത്തി വേദിവിട്ട് മന്ത്രി

 

എറണാകുളം മഹാരാജാസ് കോളജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ (SFI) പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികളുടെ നീക്കം. പ്രതിഷേധം കനത്തതോടെ മന്ത്രി പ്രസംഗം പാതിവഴിയിൽ നിർത്തി വേദിവിട്ട് മടങ്ങി.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച ചടങ്ങിൽ മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് സദസ്സിൽ നിന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി രംഗത്തെത്തിയത്. പ്രസംഗത്തിന് ശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയായിരുന്നു.

ഇതിനിടെ ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയെ സുരക്ഷാ ജീവനക്കാർ മാറ്റാൻ ശ്രമിച്ചത് ബഹളത്തിന് കാരണമായി. തുടർന്ന് കറുത്ത ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയ പ്രവർത്തകർ മന്ത്രിയെ വളഞ്ഞു. ഓഡിറ്റോറിയത്തിന് പുറത്തേക്ക് പോയ മന്ത്രിയെ പിന്തുടർന്നും വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.