ഷിബുവിന്റെ ഹൃദയമിനി ദുർഗയിൽ മിടിക്കും; ചരിത്രനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ആർ. ഷിബുവിന്റെ ഹൃദയം ഇനി നേപ്പാൾ സ്വദേശിനിയായ 21 കാരി ദുർഗകാമിയിലൂടെ സ്പന്ദിക്കും.
ഷിബുവിന്റെ അവയവങ്ങൾ ദുർഗയുൾപ്പെടെ ഏഴുപേർക്കാണ് പുതുജീവൻ നൽകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഷിബുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ചർമ്മം എന്നിവ ശേഖരിച്ചു. ഉച്ചയ്ക്ക് 2.55-ഓടെ തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് വഴി എറണാകുളത്തെത്തിച്ച ഹൃദയം, വെറും നാല് മിനിറ്റിനുള്ളിൽ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിച്ചു.
അപൂർവ്വ ജനിതക രോഗം ബാധിച്ച ദുർഗ ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും, ദുർഗയുടെ സവിശേഷ സാഹചര്യം പരിഗണിച്ച് കോടതി ഉത്തരവിലൂടെയാണ് ഹൃദയം നൽകാൻ അനുമതി ലഭിച്ചത്. ഇതേ രോഗം ബാധിച്ചായിരുന്നു ദുർഗയുടെ അമ്മയും സഹോദരിയും മുൻപ് മരിച്ചത്. തന്റെ സഹോദരിക്ക് ജീവിതം തിരിച്ചുനൽകിയ കേരളത്തോട് ദുർഗയുടെ സഹോദരൻ ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞു. ഷിബുവിന്റെ മറ്റ് അവയവങ്ങളും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് പുതുജീവനേകും.