കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല; ഒമ്പതുവയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

 

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തുറവൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം സ്ഥിരീകരിച്ച ഒമ്പതുവയസുകാരന്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

ജൂൺ മാസത്തിൽ മാത്രം കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടുകയും വ്യക്തിശുചിത്വം കർശനമായി പാലിക്കുകയും വേണം. പഴകിയ ഭക്ഷണവും മലിനമായ കുടിവെള്ളവും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.