വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം.ഒ

 

വയനാട്ടിൽ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഏഴാം തീയതി വിശദമായ ലാബ് പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ചു. രോഗവ്യാപനം അടിയന്തിരമായി തടയാനുള്ള കർശന നിർദേശങ്ങളും വിദഗ്ധ സമിതി നൽകിയിട്ടുണ്ട്. നിലവിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ ശക്തമായ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണവും പ്രദേശത്ത് പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക സൂപ്പർ ക്ലോറിനേഷന്‍ ഡ്രൈവും ആരംഭിച്ചു.

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും വയനാട് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അഭ്യർഥിച്ചു. വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തം കലർന്നു പോവുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.