വയനാട്ടിൽ വീണ്ടും ഷിഗെല്ല ബാധ : രോഗബാധിതരുടെ എണ്ണം 17 ആയി
വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 17 ആയി ഉയർന്നു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയുടെ സാമ്പിൾ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ 21 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ഇതുവരെ 538 വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, കണ്ണൂരിലും ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊകേരി പഞ്ചായത്തിലെ 4 വയസ്സും 8 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഷിഗെല്ല ബാധയെ തുടർന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരിൽ പനി ബാധിച്ച് മരിച്ച 43-കാരനിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.