ഷിഗെല്ല; വയനാട് ജില്ലയിൽ ഇന്ന് 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 

വയനാട്ടിൽ ഷിഗെല്ല ബാധിതരുടെ എണ്ണം ഉയർന്നതിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു. എട്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് അധികൃതർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദര്‍ശനവും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ബത്തേരി മാര്‍ ബസേലിയോസ് എയുപി സ്‌കൂള്‍ കിണറിലെ ജല പരിശോധനാ ഫലത്തില്‍ കിണറിലെ വെള്ളം ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് കണ്ടെത്തി. വെള്ളത്തില്‍ നിരവധി ബാക്ടീരിയകളുടെ സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലെ 969 കിണറുകള്‍ കഴിഞ്ഞ ദിവസം ക്ലോറിനേറ്റ് ചെയ്തിരുന്നു.


കോളിയാടി സ്‌കൂളുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 27 വിദ്യാർത്ഥികൾക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 44 വിദ്യാർത്ഥികൾ ചികിത്സയിലാണ്. ഇതുവരെ 502 പേർക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിരീക്ഷണം തുടരുകയാണ്. കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.