ശബരിമലയിൽ തീർത്ഥാടകരുടെ കുറവ്; ബുക്ക് ചെയ്തിട്ടും ഇന്നലെ എത്താതിരുന്നത് 23,000 പേർ

 

ശബരിമലയിൽ മുൻവർഷങ്ങളിലേതുപോലെ തീർത്ഥാടകർ എത്താത്തതിന് പിന്നിലെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോർഡും പൊലീസും. വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്തിട്ടും തീർത്ഥാടകർ ദർശനത്തിന് എത്താത്ത സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. ബുധനാഴ്ച മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്ത 23,000 പേർ എത്താതിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 59,601 പേരാണ് ബുധനാഴ്ച പമ്പ വഴി ദർശനത്തിനെത്തിയത്, ഇതിൽ വെർച്വൽ ക്യൂ വഴി എത്തിയത് ഏകദേശം 47,000 പേർ മാത്രമാണ്. സംഭവത്തിൽ പൊലീസ്, വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോർഡിനെ സഹായിക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിന്ന് പമ്പ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ചെന്നൈയിലും കോയമ്പത്തൂരിലും ചിലർ കൂട്ടമായി വെർച്വൽ ക്യൂ ബുക്കിങ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തിനകത്തുനിന്നും സമാനമായ രീതിയിൽ കൂട്ട ബുക്കിങ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തീർത്ഥാടനം ഒരാഴ്ച പിന്നിട്ടിട്ടും തിരക്കില്ലാത്തത് ഗൗരവകരമായാണ് അന്വേഷണ സംഘങ്ങൾ കാണുന്നത്. നേരത്തെ തീർത്ഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്നതും അന്വേഷണവുമായി ചേർത്ത് പരിശോധിക്കുന്നുണ്ട്.

സ്പോട്ട് ബുക്കിങ് കേന്ദ്രം പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയതും തീർത്ഥാടകരുടെ വരവ് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. നിലയ്ക്കലിൽ എത്തിയാൽ സ്പോട്ട് ബുക്കിങ് ഉറപ്പായും ലഭിക്കുമെന്ന് ദേവസ്വം ബോർഡും പൊലീസും വ്യക്തമായ ഉറപ്പുനൽകാത്തത് ഇതരസംസ്ഥാന തീർത്ഥാടകരുടെ വരവിനെ ബാധിച്ചു. കഴിഞ്ഞ വർഷം പ്രതിദിനം 70,000 വെർച്വൽ ക്യൂ, 20,000 സ്പോട്ട് ബുക്കിങ് എന്നിവ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 66,000 വെർച്വൽ ക്യൂ, 14,000 സ്പോട്ട് ബുക്കിങ് എന്നിങ്ങനെ കുറച്ചിരുന്നു. വെർച്വൽ ക്യൂ എടുത്തവർ എത്താതിരുന്നാൽ ആ ഒഴിവുകൾ സ്പോട്ട് ബുക്കിങ്ങിലേക്ക് മാറ്റുന്ന രീതിയാണ് കഴിഞ്ഞ വർഷം പിന്തുടർന്നിരുന്നത്, കഴിഞ്ഞ മണ്ഡലകാലത്ത് 25,000 പേർ വരെ സ്പോട്ട് ബുക്കിങ് എടുത്ത് ദർശനം നടത്തിയ ദിവസങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ വെർച്വൽ ക്യൂ എടുത്ത ആയിരക്കണക്കിന് പേർ വരാതിരുന്നിട്ടും സ്പോട്ട് ബുക്കിങ്ങിൽ വർദ്ധനവുണ്ടാകാത്തത് ദേവസ്വം ബോർഡിനെ ആശങ്കയിലാക്കുന്നുണ്ട്.