തളിപ്പറമ്പിൽ കൂടുതൽ കരുത്തുറ്റ സ്ഥാനാർഥിയെ നിർത്തേണ്ടതായിരുന്നു: വീഴ്ച സമ്മതിച്ച് സി.പി.എം.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് പരസ്യമായി സമ്മതിച്ച് സി.പി.എം. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ കൂടുതൽ ശക്തയായ സ്ഥാനാർഥിയെ നിർണയിക്കേണ്ടതായിരുന്നുവെന്നും അതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്നും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ ഏരിയ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണയത്തിലെ വീഴ്ച തുറന്നുപറയാൻ പാർട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്നും പകരം പുതിയൊരു വനിതാ സ്ഥാനാർഥി വരണമെന്നുമുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയത്. എന്നാൽ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഇതിലും കരുത്തുള്ള സ്ഥാനാർഥിയെ ഇറക്കേണ്ടതായിരുന്നുവെന്നും കെ.കെ. രാഗേഷ് വിശദീകരിച്ചു.
അതേസമയം, പാർട്ടിയിൽ നിന്ന് പുറത്തുപോയി മത്സരിച്ച ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനമാണ് കെ.കെ. രാഗേഷ് ഉന്നയിച്ചത്. ഗോവിന്ദൻ വർഗവഞ്ചകനും തളിപ്പറമ്പിന്റെ 'ബ്രൂട്ടസു'മാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയുള്ള പദവികൾ നൽകിയിട്ടും കൂടെനിന്ന് പാർട്ടിയുടെ നെഞ്ചിൽ കഠാരയിറക്കിയ ഒറ്റുകാരനാണ് ഗോവിന്ദനെന്നും, അദ്ദേഹത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കെ.കെ. രാഗേഷ് ആഹ്വാനം ചെയ്തു.