പിഎം ശ്രീയിൽ ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിൽ ; തെറ്റായിപ്പോയി; ഏറ്റുപറഞ്ഞ് ടി.പി. രാമകൃഷ്ണൻ

 

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധമായിരുന്നു അതെന്നും അന്ന് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നുമാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിആർസികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാനും കേന്ദ്രസഹായം ഉറപ്പാക്കാനുമുള്ള സാഹചര്യത്തിലാണ് അന്ന് പദ്ധതിയിൽ ഒപ്പിട്ടതെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു.

അതേസമയം, അധികാരത്തിലെത്തുന്നതിന് മുമ്പ് നിയമസഭയിലടക്കം പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത കോൺഗ്രസും മുസ്ലിം ലീഗും ഇപ്പോൾ പദ്ധതിയുടെ വക്താക്കളായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

ടി.പി. രാമകൃഷ്ണൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ സിപിഐ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തെറ്റ് ബോധ്യപ്പെട്ടാൽ അത് തുറന്നുപറയാനും തിരുത്താനുമുള്ള രാഷ്ട്രീയ ആർജവം ഇടതുപക്ഷത്തിനുണ്ടെന്നും അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.