വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിക്ക് ക്രൂരമർദനം; അമ്മയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
നെയ്യാറ്റിൻകരയിൽ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതിന് ആറുവയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാറശ്ശാല എസ്.എച്ച്.ഒയോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും കമ്മീഷൻ വിശദീകരണം തേടി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
നെയ്യാറ്റിൻകര ഉദയൻകുളങ്ങരയിലാണ് സംഭവം. മൊബൈൽ ഫോണിലെ വാട്സ്ആപ്പ് അക്കൗണ്ട് മകൾ അൺഇൻസ്റ്റാൾ ചെയ്തതിന്റെ പേരിലാണ് അമ്മ ശോഭ കുട്ടിയെ മർദിച്ചതെന്നാണ് വിവരം. തടിക്കഷ്ണം ഉപയോഗിച്ചും മർദിച്ചതായി കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി. സംഭവസമയത്ത് കുട്ടിയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല.
അവശനിലയിലായ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ശരീരമാസകലം മുറിവുകളും മുഖത്ത് ഗുരുതരമായ പരിക്കും ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് മർദനവിവരം പുറത്തുവന്നത്.ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.