കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്കൈ മെട്രോ'; നിർദേശവുമായി ഇ. ശ്രീധരൻ
മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒൻപത് കിലോമീറ്റർ യാത്ര 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന 'സ്കൈ മെട്രോ' ഇടനാഴി എന്ന പുതിയ നിർദേശവുമായി മെട്രോമാൻ ഇ. ശ്രീധരൻ. ഉറപ്പുള്ള സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകൾ ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ ഗതാഗത സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരമ്പരാഗത എലിവേറ്റഡ് മെട്രോ ലൈനിന് കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ, സ്കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് ശ്രീധരൻ വിലയിരുത്തുന്നു. ജിഎസ്ടി ഉൾപ്പെടെയുള്ള നികുതികളും ഭൂമിയുടെയും നിർമാണ സാമഗ്രികളുടെയും വിലവർധനവും കാരണം പരമ്പരാഗത മെട്രോകൾ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവുള്ള റൂട്ടുകളിൽ ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ ഇത്തരം സംവിധാനങ്ങളാണ് അനുയോജ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജയിൽ അടുത്തിടെ സ്ഥാപിച്ച സമാന സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ അദ്ദേഹം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) ആവശ്യപ്പെട്ടു.
മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മന്ത്ര റോഡ് - സാന്റോ ഗോപാലൻ റോഡ് ജംക്ഷനിൽ നിന്നാണ് നിർദിഷ്ട പാത ആരംഭിക്കുന്നത്. സാന്റോ ഗോപാലൻ റോഡ്, പിടി ജേക്കബ് റോഡ്, ഗേറ്റ്വേ ഓഫ് കൊച്ചിൻ പാലം, പഴയ എൻഎച്ച്-47, വെണ്ടുരുത്തി പാലം, പേരമാനൂർ വഴി കൊച്ചിൻ ഷിപ്പ്യാർഡിന്റെ പഴയ റെയിൽവേ സൈഡിങ് അലൈൻമെന്റിലൂടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ ഒൻപത് കിലോമീറ്റർ ദൂരത്തിൽ ഒരോ കിലോമീറ്റർ ഇടവിട്ട് ആകെ 10 സ്റ്റേഷനുകളാണ് ഉണ്ടാവുക. താങ്ങുതൂണുകൾ 200 മുതൽ 300 മീറ്റർ വരെ ഇടവിട്ടായിരിക്കും സ്ഥാപിക്കുക.
ഡബിൾ-റെയിൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഓരോ പോഡുകളിലും ഏകദേശം 16 യാത്രക്കാർക്ക് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. അയവുള്ള കേബിളുകൾക്ക് പകരം ഉറപ്പുള്ള ഗർഡറുകൾ ഉപയോഗിക്കുന്നതിനാൽ 40 മീറ്റർ വരെ ആരമുള്ള വളവുകളും സാധ്യമാകും. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെയും, 10 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ദിവസത്തിൽ ഏകദേശം 12,000 യാത്രക്കാരെയും ഉൾക്കൊള്ളാൻ ഈ പാതയ്ക്ക് കഴിയും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സന്ദർശിച്ച് മതിപ്പ് രേഖപ്പെടുത്തിയ ഷാർജയിലെ സ്കൈ മെട്രോ മാതൃക കൊച്ചിയിലും വിജയകരമായി നടപ്പാക്കാനാകുമെന്നും, ഇതോടെ പരമ്പരാഗത മെട്രോ, വാട്ടർ മെട്രോ, സ്കൈ മെട്രോ എന്നിങ്ങനെ മൂന്ന് മെട്രോ സംവിധാനങ്ങളുള്ള നഗരമായി കൊച്ചി മാറുമെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.