16കാരിയെ പീഡിപ്പിച്ച കേസ്: സ്‌നേഹ മെർലിൻ അറസ്റ്റിൽ;നടപടി ഒന്നര മാസത്തിന് ശേഷം

 

കാസര്‍കോട് ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ മെർലിൻ അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് തളിപ്പറമ്പ് സ്വദേശിനിയായ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയ സ്‌നേഹ ഒരു വർഷത്തോളം അവിടെ താമസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിനിടയിൽ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.

അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തും പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ ജയിലിൽ വച്ചാണ് സ്‌നേഹയും പെൺകുട്ടിയുടെ മാതാവും പരിചയപ്പെട്ടതെന്നാണ് വിവരം. ലഹരിവിൽപ്പന കേസിൽ പെൺകുട്ടിയുടെ അമ്മയും മറ്റൊരു പോക്‌സോ കേസിൽ സ്‌നേഹയും ജയിലിലായിരുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്.

അതേസമയം, ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവ് നേരത്തെ ജയിലിലാണ്. പീഡന വിവരം അറിഞ്ഞിട്ടും പുറത്തറിയിച്ചില്ലെന്ന കുറ്റം ചുമത്തി മാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

കേസിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പിതാവിന് പുറമേ സ്‌നേഹ മെർലിനും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌നേഹയെ പ്രതി ചേർത്തത്.