പരാതിക്കാരനെ മോഷണക്കേസിൽ പ്രതിയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ്; ഒടുവിൽ മാപ്പ്

 

തൃശ്ശൂരിൽ മോഷണക്കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയെന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിൽ പരാതിക്കാരനെത്തന്നെ പ്രതിയാക്കി പോസ്റ്റ്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാൾ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്.

പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ വിശദീകരണം. ആരോടുവേണമെങ്കിലും മാപ്പുപറയാൻ തയ്യാറാണെന്ന് പരാതിക്കാരന് വാക്കുനൽകിയാണ് ഇയാൾ പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയത്.  കേസുമായി മുൻപോട്ടുപോകാൻ പലരും ആവശ്യപ്പെട്ടെങ്കിലും അയാളുടെ അവസ്ഥ കണ്ടപ്പോൾ സഹതാപമുണ്ടായെന്ന് പരാതിക്കാരൻ പറഞ്ഞു. പേരും മേൽവിലാസവും സഹിതം വന്ന വാർത്ത ചിലർ അദ്ഭുതത്തോടെയാണ് കണ്ടത്. സമൂഹത്തിൽ അറിയപ്പെടുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥനെയാണ് പ്രതിയാക്കി ചിത്രീകരിച്ചത്.