സോളാർ കേസ്: ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

 

സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായരുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തനംതിട്ട കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നിർണായക വിധി.

വിധിയോട് വികാരാധീനനായാണ് ടെന്നി ജോപ്പൻ പ്രതികരിച്ചത്. ഉമ്മൻ ചാണ്ടി സാറിന്റെ ചരമവാർഷികത്തിന് തൊട്ടുമുമ്പ് വന്ന ഈ വിധി അദ്ദേഹത്തിന് സമർപ്പിക്കുന്നുവെന്ന് ജോപ്പൻ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി താനും കുടുംബവും വലിയ മാനസിക പീഡനമാണ് അനുഭവിച്ചത്. ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെയ ഇതിലേക്ക് വലിച്ചിഴച്ചതെന്നും, ശത്രുക്കൾ സ്വന്തം മുന്നണിയിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.