'തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു

 

കൊച്ചി ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താനും ഭാര്യയും അറിയാതെയാണ് മകൻ കാറിന്റെ താക്കോലുമായി പുറത്തുപോയതെന്നും മകന് വാഹനം ഓടിക്കാൻ അറിയാമെന്ന കാര്യം അറിയില്ലെന്നുമാണ് ജഡ്ജി മൊഴി നൽകിയത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പി പി. വിജയൻ ഇന്ന് ചേരാനല്ലൂരിലെത്തും.

അപകടത്തിന് പിന്നാലെ 17-കാരൻ തനിക്കെതിരെ തെളിവുകളായേക്കാവുന്ന ഇൻസ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. മുമ്പ് 208 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കൗമാരക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. അതിനിടെ, പ്രതിയായ 17-കാരന് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് തടയാനും അപകടമുണ്ടാക്കിയ കാറിന്റെ ആർ.സി (RC) സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു.

ഔദ്യോഗിക അനുമതിയില്ലാതെ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയ അഡീഷണൽ ജഡ്ജിക്ക് വീഴ്ച സംഭവിച്ചതായി പോർട്ട്‌ഫോളിയോ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരായ സസ്പെൻഷൻ നടപടിയിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം ഇന്നുണ്ടായേക്കും.