ശൂരനാട് വിദ്യാർഥിയുടെ മരണം: സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണം; പ്രതിഷേധവുമായി വിദ്യാർഥികൾ
കൊല്ലം ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജന്റെ (17) മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘത്തെ സ്കൂൾ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നാലെ പെൺകുട്ടിയുടെ രക്ഷിതാക്കളെ സ്കൂൾ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതും കുട്ടിയെ മാനസികമായി തളർത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.
സംഭവങ്ങൾ നിരഞ്ജനെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നും ആത്മഹത്യ ചെയ്യാനുള്ള മറ്റൊരു കാരണവും ഉണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജന്മദിനത്തോടനുബന്ധിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നെന്നും കുട്ടി സന്തോഷവാനായിരുന്നെന്നും വീട്ടുകാർ പറയുന്നു.
സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സ്കൂൾ പരിസരത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.