'മര്യാദയ്ക്ക് സംസാരിക്കണം', 'കുരുടൻ ആനയെ തൊട്ടതുപോലെ'; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

 

കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ പ്രസംഗത്തിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. എഡിറ്റോറിയലിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

സ്വന്തം വിശ്വാസി സമൂഹത്തിന് മുന്നിൽ വച്ച് സ്ത്രീ അഴിഞ്ഞാട്ടങ്ങൾ ഉണ്ടാക്കുന്ന അധാർമ്മികതകളെക്കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ടെന്ന് സുപ്രഭാതം വ്യക്തമാക്കുന്നു. ഇസ്ലാമിലെ സ്ത്രീ സങ്കൽപ്പത്തെക്കുറിച്ച് ധാരണയില്ലാത്തതാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് കാരണം. മുസ്ലിംകൾക്കിടയിലെ ചിലർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുരുടൻ ആനയെ തൊട്ടതുപോലെയാണ് സതീശൻ മറുപടി നൽകിയതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് വരെ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ആളാണ് സതീശൻ. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് സ്വാർത്ഥ താൽപ്പര്യങ്ങൾക്കാണെന്നും സുപ്രഭാതം ആരോപിക്കുന്നു. ഭരണതലത്തിൽ രമേശ് ചെന്നിത്തല കാണിച്ച സമവായ നിലപാടുകളെ പുകഴ്ത്തുന്ന ലേഖനം, പ്രതിപക്ഷത്തും ഭരണത്തിലും സതീശൻ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുധ്യങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.