മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം; ഉത്തരവിട്ട് ആദ്യ മന്ത്രിസഭാ യോഗം

 

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

2023 ഡിസംബറിലാണ് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ സംഭവമുണ്ടാകുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ലോക്കൽ പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പിന്നീട് പോലീസ് കേസെടുക്കാൻ തയ്യാറായത്. ഈ കേസിലാണ് ഇപ്പോൾ പുതിയ സർക്കാർ അധികാരമേറ്റയുടൻ പ്രത്യേക സംഘത്തെ വെച്ച് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.