മുന്നറിയിപ്പില്ലാതെ സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി; കരിപ്പൂരിൽ യാത്രക്കാർ ദുരിതത്തിൽ

 

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രി 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം ഇന്ന് വൈകിട്ട് നാലിലേക്ക് പുനഃക്രമീകരിച്ചിരുന്നു. എന്നാൽ പിന്നീട് സർവീസ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു .

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 180 യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയത്. ഏറെ നേരം കാത്തുനിന്നതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

വിമാനം റദ്ദാക്കാനുള്ള കാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഏർപ്പെടുത്തുമോ, എങ്ങനെയാണ് ഇവരെ ലക്ഷ്യസ്ഥാനമായ ഫുജൈറയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളിലും വ്യക്തത ലഭിച്ചിട്ടില്ല.

വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാർ.