മെസിയുടെ പേരിലുള്ള സ്‌പോൺസർ തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർക്കാൻ അനുമതി; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

 

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സ്‌പോൺസർ തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം ചുമത്തി അബ്ദുറഹിമാനെതിരെ കേസെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയിരുന്നു. മുൻ മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി എന്നിവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശമുണ്ട്.

അർജന്റീന ദേശീയ ടീമിനെ കേരളത്തിൽ എത്തിക്കുന്നതിനുള്ള കരാർ യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി മന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസവും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗവർണർ ഓം പ്രകാശ് മാഥൂറും നേരത്തെ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു.