ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു; വിതുമ്പലോടെ നാട്, സംസ്കാരം ഉച്ചയ്ക്ക്
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. അപകടം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പതിനഞ്ചുകാരിയായ ശ്രീനന്ദയുടെ ഭൗതികദേഹം നാട്ടിലെത്തിച്ചത്. പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമടക്കം വൻ ജനവലിയാണ് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ചിരിച്ചുല്ലസിച്ച് വിനോദയാത്ര പോയ തങ്ങളുടെ കൂട്ടുകാരി ചേതനയറ്റ് മടങ്ങിയെത്തിയത് കണ്ട സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരടക്കാനായില്ല. കരഞ്ഞുതളർന്ന അമ്മ രോഹിണിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും പ്രിയപ്പെട്ടവരും നന്നേ ബുദ്ധിമുട്ടി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് മാതാപിതാക്കളടക്കം 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതായത്. കർണാടക സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം നടത്തിയ നാലുദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ, വെള്ളച്ചാട്ടത്തിന് 1500 അടി താഴ്ചയിലുള്ള മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം 5:20-ന് എടുത്ത ഫോട്ടോയിൽ പോലും ചിരിച്ചുനിൽക്കുന്ന പെൺകുട്ടിയെ, വെറും ആറ് മിനിറ്റിനുള്ളിൽ കാണാതാകുകയായിരുന്നു. അതീവ ദുർഘടമായ ഭൂപ്രകൃതിയായിരുന്നതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്.
ഉയരത്തിൽ നിന്ന് വീണപ്പോഴുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും വീഴ്ചയിൽ പാറകളിലും മരങ്ങളിലും തട്ടി ശരീരത്തിലുടനീളം മുറിവുകളുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വിയോഗത്തിൽ വിതുമ്പലോടെയാണ് ജന്മനാട് ശ്രീനന്ദയ്ക്ക് വിടചൊല്ലുന്നത്.