ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം; മൃതദേഹം കണ്ടെത്തിയത് നേരത്തെ തെരച്ചിൽ നടത്തിയ ഭാഗത്തുനിന്ന്

 

വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാത്ത സ്ഥലത്തുനിന്നാണ് ഇപ്പോൾ മൃതദേഹം ലഭിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. കുട്ടി അവസാനമായി നിന്ന സ്ഥലത്തിന് എതിർവശത്തുള്ള ചെങ്കുത്തായ മലയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ആ ഭാഗത്തേക്ക് ശ്രീനന്ദ പോകാൻ യാതൊരു സാധ്യതയുമില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.

മാണിക്കധാര വെള്ളച്ചാട്ടത്തിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെ മറുവശത്ത്, ഹർഷന ഗുപ്പെയിലെ 1500 അടി താഴ്ചയിലാണ് തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20 വരെ മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വെറും നാല് മിനിറ്റിനുള്ളിലാണ് അപ്രത്യക്ഷമായത്. മറ്റാരെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളിയതാകാമെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

പ്രദേശത്ത് നിരവധി നാടോടികളും മറ്റും ഉണ്ടായിരുന്നിട്ടും പോലീസ് അവരെ കൃത്യമായി ചോദ്യം ചെയ്തില്ലെന്ന് ശ്രീനന്ദയുടെ ചെറിയച്ഛൻ അജിത്ത് ആരോപിച്ചു. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിൽ പൊലീസും വനംവകുപ്പും അടക്കം ഇരുനൂറോളം പേർ ദിവസങ്ങളായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഈ ദാരുണാന്ത്യം സ്ഥിരീകരിച്ചത്.