ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് പി. ജയരാജൻ

 

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ നേരത്തെ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്നും പി. ജയരാജൻ ആരോപിച്ചു.സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ 'മോട്ടോർസൈക്കിൾ ഡയറീസ്'ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീകൃഷ്ണനിലുള്ള വിശ്വാസം ഏറെക്കാലമായി കേരളീയ സമൂഹത്തിലുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ ഈ സ്ഥിതി തുടർന്നു. നായർ സമുദായാംഗങ്ങൾക്ക് പോലും ക്ഷേത്രപ്രവേശനത്തിൽ നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്ന് മന്നത്ത് പദ്മനാഭൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ചരിത്രപശ്ചാത്തലം വിശദീകരിച്ച ശേഷമാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് പി. ജയരാജൻ ആരോപിച്ചത്.