എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴു മുതല്‍
കേരളത്തിൽ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30-ന് പരീക്ഷകൾ അവസാനിക്കും. സംസ്ഥാനത്തുടനീളം 3,031 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ മൊത്തം 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ലക്ഷദ്വീപിൽ നിന്ന് 386 പേരും ഗൾഫ് മേഖലയിൽ നിന്ന് 633 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിനായി 26,000 അധ്യാപകരെ നിയോഗിച്ചു. ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. ഏപ്രിൽ 28-ഓടെ മൂല്യനിർണ്ണയം പൂർത്തിയാക്കി മെയ് മൂന്നാം വാരത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂല്യനിർണ്ണയത്തിനുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും എക്സാമിനർമാരുടെയും നിയമന ഉത്തരവ് അടുത്തയാഴ്ച നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.