സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം, ധവളപത്രം  നിയമസഭയിൽ അവതരിപ്പിച്ചു

 

2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് മുൻ സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ 'കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്' വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. 

കുതിച്ചുയരുന്ന കടബാധ്യതയും അമിത ചെലവുകളും

കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായി കുതിച്ചുയർന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35.5 ശതമാനം വരും. സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവ നൽകാൻ മാത്രമായി ചെലവാകുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ ശരാശരി 46.1 ശതമാനം ആയിരിക്കുമ്പോഴാണ് കേരളത്തിൽ ഇത് ഇത്രയും ഉയർന്ന നിരക്കിൽ നിൽക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ മൂലധന ചെലവ് GSDPയുടെ വെറും 1.3 ശതമാനം മാത്രമാണ്.

രൂക്ഷമായ ട്രഷറി പ്രതിസന്ധിയും കുടിശ്ശികകളും

സംസ്ഥാനത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ട്രഷറി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വരുമാനം തികയാതെ വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റിനെയുമാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. 2025ൽ മാത്രം 262 ദിവസങ്ങളിൽ കേരളം വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസുകളിലും, 84 ദിവസങ്ങളിൽ ഓവർഡ്രാഫ്റ്റിലും ആയിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കുടിശ്ശിക ഇനത്തിൽ മാത്രം അടിയന്തരമായി നൽകാനുള്ളത് ₹48,733 കോടിയാണ്. ഇതിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കുടിശ്ശികകളായി നൽകാനുള്ള കോടികളും ഉൾപ്പെടുന്നു. ബാങ്കുകൾക്കും കരാറുകാർക്കും ബിൽ ഡിസ്കൗണ്ടിങ് വഴി നൽകാനുള്ള കുടിശ്ശികകളും ഇതിൽ വരും.

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും നൽകുന്ന ആഘാതം

ബജറ്റിന് പുറത്തുനിന്നും വികസന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. കിഫ്ബിയ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത നിലവിലുണ്ട്. കൂടാതെ അംഗീകരിച്ച പല പ്രൊജക്റ്റുകൾക്കുമായി ഇനിയും ₹35,000 കോടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയ്ക്ക് മതിയായ സ്വന്തം വരുമാനമില്ലാത്തതിനാൽ അവയുടെ കടങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ കടങ്ങളായി തന്നെ കണക്കാക്കണമെന്ന സിഎജി കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടർച്ചയായ നഷ്ടം ഖജനാവിന് മറ്റൊരു വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 2024-25ൽ ₹78,851 കോടിയായി ഉയർന്നു. ഇതിൽ തന്നെ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തിൽ മുൻപന്തിയിലുള്ളത്.

വികസന മുരടിപ്പും കേന്ദ്ര വിഹിതത്തിലെ ഇടിവും

കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മൊത്തം ചെലവിലെ പ്ലാൻ ഫണ്ടിന്റെ വിഹിതം 18 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയാണ്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതിവിഹിതം 9.24 ശതമാനത്തിൽ നിന്നും 3.85 ശതമാനമായി കൂപ്പുകുത്തി.

കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന നികുതി വിഹിതത്തിലും ഗ്രാന്റുകളിലുമുള്ള കുറവും സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചു. ജിഎസ്ടി കോമ്പൻസേഷൻ നിർത്തലാക്കിയതും, റവന്യൂ കമ്മി ഗ്രാന്റ് പൂർണമായും ഇല്ലാതായതും സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ വിടവ് സൃഷ്ടിച്ചു.

മുന്നോട്ടുള്ള വഴികളും ശിപാർശകളും

കേരളത്തിന്റെ ധനകാര്യ സ്ഥിതി ഏറെ ആശങ്കാജനകമാണെങ്കിലും, ഇത് മറികടക്കാൻ കൃത്യമായ പരിഹാരമാർഗങ്ങളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്. സാമ്പത്തികമായ അച്ചടക്കം പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഇതിന് പുറമെ, സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപങ്ങളും സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങളും വൻതോതിൽ പ്രോത്സാഹിപ്പിക്കണം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകേണ്ടതുണ്ട്. വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി സ്വകാര്യ നിക്ഷേപം അനുവദിക്കണമെന്നും, കാര്യക്ഷമതയില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പുനർഘടന ചെയ്യണമെന്നും റിപ്പോർട്ട് കർശനമായി ശിപാർശ ചെയ്യുന്നു.