സംസ്ഥാനതല പ്രവേശനോത്സവം തിങ്കളാഴ്ച; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും
പുതിയ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സംസ്ഥാനതല പ്രവേശനോത്സവം തിങ്കളാഴ്ച നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിപുലമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രശസ്ത കവി റഫീഖ് അഹമ്മദ് രചിച്ച്, ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്ന് ആലപിച്ച ഗാനമാണ് ഇത്തവണത്തെ ഔദ്യോഗിക പ്രവേശനോത്സവ ഗാനം.
കാസർകോട് ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ ജില്ലാതല പ്രവേശനോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളിൽ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ യാതൊരുവിധ വിവാദങ്ങൾക്കുമില്ലെന്നും ആശയവിനിമയത്തിൽ ചെറിയൊരു വ്യക്തതക്കുറവ് ഉണ്ടായതാണെന്നും പറഞ്ഞ മന്ത്രി, രണ്ട് കേന്ദ്രങ്ങളിലും പ്രവേശനോത്സവം ഭംഗിയായി നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളുടെ കുറവ് അനുഭവപ്പെടുന്ന മേഖലകളിൽ ആവശ്യാനുസരണം സീറ്റുകൾ വർദ്ധിപ്പിക്കും. നിലവിൽ പത്താം ക്ലാസിൽ എത്തുന്ന കുട്ടികളിൽ ചിലർക്കെങ്കിലും അടിസ്ഥാനപരമായ അക്ഷരവിജ്ഞാനം പോലുമില്ലെന്ന ഗൗരവകരമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ച സ്കൂൾ വിദ്യാർത്ഥിനികൾക്കായുള്ള ആർത്തവ അവധി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും മാർഗ്ഗരേഖയും ഉടൻ തന്നെ പുറത്തിറക്കുമെന്നും വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.