കോന്നിയിൽ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകൾ പതിച്ചു; രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

 

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് അപകടം .രണ്ട് അതിഥി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്ന ആളുമാണ് കുടുങ്ങിക്കിടക്കുന്നത്.കോന്നി പയ്യനാമണ്ണിൽ പാറമടയിലാണ് അപകടം. ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

പാറ ഇപ്പോഴും ഇടിയുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ട്. ഹിറ്റാച്ചി അപകടത്തിൽപ്പെട്ട പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റാത്ത സാഹചര്യമാണെന്ന് കോന്നി എംഎൽഎ ജനീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയിൽ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനി യുടെ നേതൃത്വത്തിൽ 27 അംഗ സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.