വിമാന സർവീസുകൾ തുടർച്ചയായി വൈകിയാൽ കടുത്ത നടപടി; സ്‌പൈസ് ജെറ്റിന് സിയാൽ നോട്ടീസ് നൽകി
വിമാന സർവീസുകൾ തുടർച്ചയായി വൈകിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. സർവീസുകൾ വൈകുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് സിയാൽ നോട്ടീസ് നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകളിൽ തുടർച്ചയായി കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
സർവീസുകൾ കൃത്യസമയത്ത് നടത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അനുവദിച്ചിരിക്കുന്ന സ്ലോട്ടുകൾ പിൻവലിക്കുമെന്ന് സിയാൽ മുന്നറിയിപ്പ് നൽകി. വിവിധ സേവനങ്ങൾക്കായി സിയാലിന് വിമാനക്കമ്പനിയിൽ നിന്ന് കോടിക്കണക്കിന് രൂപ കുടിശികയായി ലഭിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയിലെത്തേണ്ട ഫുജൈറ വിമാന സർവീസും റദ്ദാക്കി.
ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ട വിമാനവും ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കുകയായിരുന്നു. വിമാന സർവീസുകളിലെ തുടർച്ചയായ കാലതാമസവും റദ്ദാക്കലും യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.