കോതമംഗലത്ത് ശക്തമായ ഇടിമിന്നൽ; സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗം അടർന്നുവീണു
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന് നാശനഷ്ടം. പള്ളിയിലെ മിന്നൽ രക്ഷാചാലകത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ മുകൾഭാഗമാണ് മിന്നലേറ്റതിനെത്തുടർന്ന് തകർന്ന് താഴേക്ക് പതിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾ പള്ളി അങ്കണത്തിലെ ഇന്റർലോക്കിലേക്കാണ് വീണത്. ഈ സമയത്ത് പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ഭാഗങ്ങൾ വീണതിനെത്തുടർന്ന് പള്ളി അങ്കണത്തിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടുന്നുണ്ട്. പള്ളിക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.