സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം
കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും മരച്ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഉള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അപകടസാധ്യതയുള്ള മരച്ചില്ലകൾ മുൻകൂട്ടി വെട്ടിയൊതുക്കണമെന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്ഇബിയുടെ 1912 ഹെൽപ്ലൈൻ നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
പത്ര വിതരണക്കാർ, പാൽ വിതരണക്കാർ, നിർമാണ തൊഴിലാളികൾ എന്നിവരുൾപ്പെടെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.