കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

 

കോതമംഗലം എം.എ. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഓഗസ്റ്റ് 15-നും ഇതേ കോളേജിൽ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർത്ഥി ഇയർ ഔട്ട് ആകുമെന്ന ആശങ്കയെ തുടർന്നാണ് ജീവനൊടുക്കിയത്. തുടർന്ന് കോളേജിൽ വൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. അതിനിടെയാണ് വീണ്ടും മറ്റൊരു വിദ്യാർത്ഥി കൂടി ക്യാമ്പസിനുള്ളിൽ ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)