അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; അളവ് കുറയ്ക്കാൻ നിർദേശവുമായി ബാലാവകാശ കമ്മീഷൻ
അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഐ.സി.ഡി.എസ് (ICDS) വഴി നൽകുന്ന അമൃതം ന്യൂട്രി മിക്സിൽ നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ ശാസ്ത്രീയമായി പോഷക ഘടന നിശ്ചയിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്ല നൽകിയ ഹരജിയിലാണ് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറിന്റെ ഈ സുപ്രധാന ഉത്തരവ്. അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും, ഇത് ലോകാരോഗ്യ സംഘടനയുടെ (WHO) മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിൽ ചെറുപ്പത്തിൽത്തന്നെ ഇത്തരം ഉയർന്ന പഞ്ചസാരയുടെ അളവ് ജീവിതശൈലി രോഗങ്ങൾക്ക് ഇടയാക്കുമെന്നും, ഇത് കുട്ടികളുടെ പോഷകാഹാര അവകാശത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ടേക്ക് ഹോം റേഷൻ (THR) പദ്ധതി പ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സിന്റെ അളവ് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഉൽപ്പന്നങ്ങളുടെ പാക്കറ്റിനു മുകളിൽ പോഷകവിവരങ്ങളും ഉപയോഗിക്കേണ്ട അളവും അച്ചടിക്കണം. അമൃതം பொടി പാകം ചെയ്യുന്ന ശരിയായ രീതികളെക്കുറിച്ചും ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചും അങ്കണവാടി വർക്കർമാർക്കും രക്ഷിതാക്കൾക്കും നേരിട്ടും വാട്‌സ്ആപ്പ്/പോഷൻ ട്രാക്കർ ഗ്രൂപ്പുകൾ വഴിയും ബോധവൽക്കരണം നൽകണമെന്നും വനിതാ ശിശുവികസന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.