‘കണ്ടാൽ സുന്ദരൻ ചെകുത്താന്റെ സ്വഭാവം, ചിരിച്ചുകൊണ്ട് കഴുത്തറക്കും’- വി.ഡി സതീശനെതിരെ എം.എം മണി

 

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി മുൻ മന്ത്രിയും സി.പി.എം. നേതാവുമായ എം.എം. മണി. പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവമാണ് സതീശനെന്ന് മണി ആരോപിച്ചു. ചിരിച്ചുകൊണ്ട് മറ്റുള്ളവരുടെ കഴുത്തറക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും മണി കുറ്റപ്പെടുത്തി.

അപ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും, ഇത്രയും വലിയൊരു നയവഞ്ചകനെ വേറെ കാണാൻ കഴിയില്ലെന്നും മണി തന്റെ പ്രസംഗത്തിൽ പറഞ്ഞു. "ഊട്ടി പാലം കടത്തിത്തരാം" എന്ന് പറയുന്നതുപോലെയുള്ള തട്ടിപ്പുകളാണ് ഭരണതലത്തിൽ അദ്ദേഹം നടത്തുന്നതെന്നും മണി ആരോപിച്ചു. ചിരി കണ്ടാൽ ആരും വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണ് അദ്ദേഹമെന്നും മണി കൂട്ടിച്ചേർത്തു.

വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ സർക്കാരുകൾ മുൻപ് നടപ്പാക്കിയ മാതൃകാപരമായ ക്ഷേമപദ്ധതികളെല്ലാം തകർക്കാനാണ് നിലവിലെ സതീശന്റെ സർക്കാർ ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ഇത്തരം നയവഞ്ചകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്നും, ഇതിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും മണി പ്രസംഗത്തിൽ വ്യക്തമാക്കി.