തിരുവനന്തപുരം വിമാനത്താവളത്തിൽ 'സൺഫ്‌ലവർ പദ്ധതി'ക്ക് തുടക്കം
ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഹിഡൻ ഡിസബിലിറ്റീസ് സൺഫ്‌ലവർ പദ്ധതിക്ക് തുടക്കം.ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര വിമാനത്താവളങ്ങളിൽ നിലവിലുള്ള ഹിഡൻ ഡിസബിലിറ്റീസ് സൺഫ്‌ലവർ പദ്ധതി കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് നടപ്പാക്കുന്നത്.ഓട്ടിസം ഉൾപ്പെടെ പുറമേ കാണാനാകാത്ത (Hidden Disabilities) ഭിന്നശേഷികളുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലുടനീളം ആവശ്യമായ സഹായവും മുൻഗണനയും നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയതായി അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് വിമാനത്താവളത്തിലെ ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കഴുത്തിൽ അണിയാനുള്ള സൺഫ്‌ലവർ ലാൻയാർഡുകൾ സൗജന്യമായി ലഭിക്കും. പദ്ധതി നടപ്പാക്കിയ മറ്റു വിമാനത്താവളങ്ങളിലൂടെ തുടർയാത്രകളിലും ഈ ലാൻയാർഡുകൾ ഉപയോഗിക്കാം. തിരുവനന്തപുരം വിമാനത്താവളം ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൺഫ്‌ലവർ പദ്ധതി നടപ്പാക്കുന്നതെന്ന്. അധികൃതർ അറിയിച്ചു.