സുനിത കൊലപാതക കേസ്; പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിൽ
വാടാനപ്പിള്ളി സ്വദേശിനിയായ സുനിതയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ദീപക് കൃഷ്ണൻ പിടിയിലായി. കന്യാകുമാരിയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്ന് പുലർത്തിയോടെയാണ് ദീപക് കൃഷ്ണ പൊലീസിന്റെ പിടിയിലായത് എന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിനു ശേഷം ബംഗളൂരുവിൽ നിന്ന് മുങ്ങിയ ഇയാൾ കന്യാകുമാരിയിൽ എത്തിയിരുന്നു. ഇയാളുടെ ഫോൺ സ്വിച്ച് ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തുന്നു എന്ന് മനസ്സിലാക്കിയ ദീപക്ക് തിരികെ ബാംഗ്ലൂരുവിലേക്ക് ബസ് മാർഗ്ഗം മടങ്ങുകയായിരുന്നു.
ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു ദീപക് കൃഷ്ണൻ. അവിടെ ജോലിക്കെത്തിയ സുനിതയെയും മറ്റു യുവതികളെയും ഇയാൾ ലൈംഗികാതിക്രമം തടഞ്ഞതിനെ തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.നായവളർത്തൽ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടിൽ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്‌ക്കൊപ്പം ബന്ധുവായ പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും പോയിരുന്നു. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചു. ഇതോടെയാണു ദേഹോപദ്രവത്തിന്റെ തുടക്കം.
നാട്ടിലേക്കു മടങ്ങുകയാണ് എന്ന വിവരം മേയ് മൂന്നിനു വൈകിട്ട് ഇവർ ദീപക്കിനെ അറിയിച്ചതിനു പിന്നാലെ മൃഗീയമായ ഉപദ്രവമുണ്ടായി. സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.ഇവർ പൊലീസിനെ അറിയിച്ചപ്പോൾ 2 പൊലീസുകാർ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി സുനിതയെ ആശുപത്രിയിലാക്കി. വിവരമറിഞ്ഞു ഭർത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു. ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നാണു വിവരം. 2017-ൽ ദുബായിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായും ആരോപണമുണ്ട്. കൂടാതെ കൊച്ചി വൈറ്റില, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിവിധ ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്.