കോഴിക്കോട്ട് നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

 

കോഴിക്കോട് കക്കോടി ചെറുകുളം റോഡിൽ കുറ്റാട്ടുതാഴത്ത് നിർമ്മാണത്തിലിരുന്ന ഇരുനില വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് നിർമ്മാണത്തൊഴിലാളി മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താണ് (32) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കവേയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ ഒന്നാം നിലയിലെ സൺഷെയ്ഡിനോട് ചേർന്നുള്ള ഭാഗത്ത് പട്ടിക അടിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സൺഷെയ്ഡിനെ താങ്ങിനിർത്തിയിരുന്ന പലക പൊട്ടിവീഴുകയും തുടർന്ന് കോൺക്രീറ്റ് ബീമുകളും ചെങ്കല്ലുകളും തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. മുകളിൽ നിന്നുള്ള വീഴ്ചയിലും അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടുമാണ് രജനിത്തിന് ജീവൻ നഷ്ടമായത്.

അപകടശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അവശിഷ്ടങ്ങൾ മാറ്റിയപ്പോഴേക്കും രജനിത്ത് മരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവസമയത്ത് കെട്ടിടത്തിൽ മറ്റു ചില തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടം നടന്ന സൺഷെയ്ഡ് ഭാഗത്ത് ഈ രണ്ടുപേർ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്.