ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റെക്കോർഡ് വിറ്റുവരവ്; ഉത്രാടദിനത്തിൽ മാത്രം വിറ്റത് 27.85 കോടിയുടെ സാധനങ്ങൾ
Aug 27, 2026, 22:47 IST
ഓണക്കാലത്തെ 35 ദിവസത്തെ വിപണനത്തിലൂടെ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി സപ്ലൈകോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിലാണ് ഈ നേട്ടം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 385 കോടി രൂപയായിരുന്ന വിറ്റുവരവിൽ ഇത്തവണ 48 കോടിയിലധികം രൂപയുടെ വർധനവാണുണ്ടായത്. ഉത്രാട ദിനത്തിൽ മാത്രം 27.85 കോടി രൂപയുടെ വിൽപ്പന നടന്നു.
ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്‌സിഡി സാധനങ്ങളിൽ നിന്നും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനങ്ങളിൽ നിന്നുമാണ് സപ്ലൈകോ സമാഹരിച്ചത്. ഈ കാലയളവിൽ 53.86 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലാ മെഗാ ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിൽപ്പനയും രേഖപ്പെടുത്തി.