രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി; തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി
ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യെ പിൻതുണച്ച് സമൂഹ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ പ്രചരിപ്പിച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്നാണ് ഡിസിസി വിലയിരുത്തൽ.സംഭവത്തിൽ നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്നാണ് നിർദേശം. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും കഴിഞ്ഞ ദിവസമാണ് ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നൽകി, ഫ്‌ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം. പിന്നാലെ അതിജീവിത ശ്രാനാദേവിക്കെതിരെ പരാതി നൽകിയിരുന്നു.ഇന്ന് അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുകയും ചെയ്തിരുന്നു. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ശ്രീനാദേവിയുടെ ആരോപണം.