എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാനാവില്ല; ഹർജി തള്ളി ട്രിബ്യൂണൽ

 

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബാറുകൾക്ക് അനധികൃതമായി ലൈസൻസ് അനുവദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് തിരിച്ചടി. സസ്പെൻഷൻ നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവരാണ് നടപടിക്കെതിരെ എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളെ സമീപിച്ചത്.

സർക്കാരിന്റെ ഭാഗം വിശദമായി കേൾക്കാതെ സസ്പെൻഷൻ ഉത്തരവിന് സ്റ്റേ നൽകരുതെന്ന സർക്കാരിന്റെ ശക്തമായ വാദം അംഗീകരിച്ചാണ് ട്രിബ്യൂണലിന്റെ നടപടി. തുടർന്ന് ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിനായി ഈ മാസം 12-ാം തീയതിയിലേക്ക് മാറ്റി.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്കും കർശന നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാറുകൾക്ക് ലൈസൻസ് നൽകിയതിനാണ് ഉദ്യോഗസ്ഥരെ വകുപ്പുതലത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഇനിമുതൽ ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.