കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: ഹർജി ഈ ആഴ്ച പരിഗണിക്കും
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹർജി ഈ ആഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി. പുതുക്കിയ വാദങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ അധിക സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഹാജർനില, കേസുകളുടെ നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പുതിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പരീക്ഷ എഴുതാൻ ആവശ്യമായ ഹാജരില്ലെന്ന സർവകലാശാലയുടെ വാദം വിദ്യാർഥികൾ തള്ളി. പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് സസ്പെൻഷനു മുമ്പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. ശേഷിക്കുന്ന 15 ശതമാനം ഹാജർ ഇളവിനായി അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും സസ്പെൻഷനെ തുടർന്ന് ക്യാംപസിൽ പ്രവേശനം നിഷേധിച്ചതിനാൽ അപേക്ഷ നൽകാനായില്ലെന്നും വിദ്യാർഥികൾ പറയുന്നു.
നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും ഒരേ വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത് അസാധാരണ നടപടിയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. മനഃപൂർവം ഉപദ്രവിക്കാനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തതെന്നും ഇവർ പറയുന്നു. ദീർഘകാല സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഹർജി അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കാനായിരുന്നു നിർദേശം. അതേസമയം, വിദ്യാർഥികളുടെ ഹാജർനില പരിശോധിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. വിധി വിദ്യാർഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്നും സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഒരു പരീക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് പ്രത്യേക പരീക്ഷ നടത്താമെന്ന ഉറപ്പ്.