കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് കെ. പ്രേംകുമാർ എംഎൽഎ

 

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യപ്പെട്ട് കെ. പ്രേംകുമാർ എംഎൽഎ. എന്നാൽ കോടതി വിധി വരട്ടെയെന്നും അതിനനുസരിച്ച് തീരുമാനമെടുക്കാമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം നിലപാടെടുത്തു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഓരോ വിദ്യാർഥിയുടെയും പങ്ക് പ്രത്യേകം വിലയിരുത്തിയ ശേഷമാണ് നടപടിയെടുത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

അതേസമയം, അന്വേഷണസമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സസ്പെൻഷൻ നടപ്പാക്കിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.